തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി രൂപപ്പെട്ട ന്യുനമര്‍ദ്ദം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റായി മാറിയാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക.
മെയ് 10 ഓടെ ചുഴലിക്കാറ്റ് ആന്ധ്രാ – ഒഡീഷ തീരത്ത് എത്താനും സാധ്യതയെന്നാണ് കണക്കുകൂട്ടല്‍. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മലയോര ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുളളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

