കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറി; ജെ പി നദ്ദ

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പിണറായി സർക്കാർ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളർത്തു കേന്ദ്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയൻ സർക്കാർ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാൽ അവർ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുകയാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളർത്തുകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങൾ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാത്രമല്ല, ക്രിസ്ത്യൻ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവർ നാർക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാൻ വേണ്ടിയല്ല പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നത്. കപട മതേതരത്വമാണ് കാണിക്കുന്നത്. ജനങ്ങളെ വിഭജിച്ചു കൊണ്ട് ഭരിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിന് അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തെ സഹായിക്കുന്ന ഈ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2016 ൽ 55 കൊലപാതകങ്ങൾ നടന്നു. അതിൽ 12 ഉം മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂർ ജില്ലയിലായിരുന്നു. അക്രമങ്ങളും കൊലപാതകങ്ങളും സംഘടിത കൊലപാതകങ്ങളും നിരന്തരമായി നടന്നു കൊണ്ടിരിക്കുകയാണ്. 1019 കൊലപാതകങ്ങളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നടന്നത്. അതിൽ 83 കൊലപാതകങ്ങൾ സംഘടിതമായിട്ടുള്ള കൊലപാതകങ്ങൾ ആയിരുന്നുവെന്നും കോഴിക്കോട് നടന്ന ബിജെപി പരിപാടിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.