തൃക്കാക്കര തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടിട്ടില്ലെന്ന് ഇ പി ജയരാജൻ

പാലക്കാട്: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സ്ഥാനാർഥിയെ തീരുമാനിച്ചത് ഏറെ ചർച്ചകൾക്ക് ശേഷമാണെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ ജയം ഉറപ്പായപ്പോഴാണു വിമർശനങ്ങൾ വരുന്നതെന്നും സഭയെ അനാവശ്യ വിവാദങ്ങളിലേക്ക് തള്ളിയിടരുതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തിനാണു സഭയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതെന്നും എന്താണു സഭ ചെയ്തതെന്നും ഇ പി ജയരാജൻ ആരോപിച്ചു. രാഷ്ട്രീയ വിരോധത്തിന് അതിർവരമ്പുകളൊന്നും ഇല്ലേ? ഏതു മതപുരോഹിതരെയും സഭകളെയും ആക്ഷേപിക്കാമെന്നാണോ? കോൺഗ്രസ് അതു ചെയ്യരുത്. വെറുതെ സഭകളെ അവഹേളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. വി ഡി സതീശനെക്കുറിച്ച് സഭകളും നാട്ടുകാരും എല്ലാം തിരിച്ചറിയുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.