ഐപിഎല്‍: ജയം കൈവിട്ട് ഗുജറാത്ത്‌

ഐപിഎല്ലില്‍ ഇന്നലെ അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സ് വേണ്ടപ്പോള്‍ ഓവറില്‍ നിന്ന് 3 റണ്‍സ് മാത്രം നേടിയ ഗുജറാത്തിനെതിരെ 5 റണ്‍സ് ജയം ആണ് മുംബൈ നേടിയത്. അവസാന ഓവര്‍ എറിഞ്ഞ ഡാനിയേല്‍ സാംസ് തകര്‍പ്പന്‍ ബൗളിംഗ് ആണ് കാഴ്ചവെച്ചത്. 178 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് മാത്രം നേടുകയായിരുന്നു. ഒരു ഘട്ടത്തില്‍ 106/0 എന്ന നിലയിലായിരുന്ന ടീം അനായാസം വിജയം നേടുമെന്നാണ് ഏവരും കരുതിയത്.

മികച്ച തുടക്കമാണ് വൃദ്ധിമന്‍ സാഹയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഗുജറാത്തിന് നല്‍കിയത്. സാഹ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ നിലയുറപ്പിച്ച് കളിച്ച ഗില്‍ പിന്നീട് ഗിയര്‍ മാറ്റി സ്‌കോറിംഗ് വേഗത കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 106 റണ്‍സാണ് നേടിയത്. 10 വിക്കറ്റ് വിജയത്തിലേക്ക് ഗുജറാത്ത് കുതിയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് മുരുഗന്‍ അശ്വിനാണ് ആദ്യ ബ്രേക്ക്ത്രൂ ടീമിന് നല്‍കുന്നത്. ഗില്ലിനെയും സാഹയെയും ഒരേ ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും മുരുഗന്‍ അശ്വിന്‍ വീഴ്ത്തുമ്‌ബോള്‍ 106/0 എന്ന നിലയില്‍ നിന്ന് 111/2 എന്ന നിലയിലേക്ക് ഗുജറാത്ത് വീണു. ഗില്‍ 36 പന്തില്‍ 52 റണ്‍സും സാഹ 40 പന്തില്‍ 55 റണ്‍സുമാണ് നേടിയത്. സായി സുദര്‍ശന്‍(14) ഹിറ്റ് വിക്കറ്റ് കൂടി ആയപ്പോള്‍ അവസാന നാലോവറില്‍ 40 റണ്‍സായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്.

ജസ്പ്രീത് ബുംറ എറിഞ്ഞ 17ാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ഓരോ ഫോര്‍ നേടിയപ്പോള്‍ 11 റണ്‍സ് ഗുജറാത്തിന് നേടാനായി. ഇതോടെ ലക്ഷ്യം മൂന്നോവറില്‍ 29 റണ്‍സായി മാറി. ഹാര്‍ദ്ദിക് പാണ്ഡ്യ റൈലി മെറിഡിത്ത് എറിഞ്ഞ 18ാം ഓവറില്‍ ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും താരം റണ്ണൗട്ട് രൂപത്തില്‍ പുറത്തായത് ഗുജറാത്തിന് തിരിച്ചടിയായി. 14 പന്തില്‍ 24 റണ്‍സായിരുന്നു പാണ്ഡ്യയുടെ സംഭാവന. മികച്ച രീതിയില്‍ ജസ്പ്രീത് ബുംറ 19ാം ഓവര്‍ എറിഞ്ഞപ്പോള്‍ ആദ്യ നാല് പന്തില്‍ വെറും നാല് റണ്‍സാണ് ഗുജറാത്തിന് നേടാനായത്. എന്നാല്‍ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി മില്ലര്‍ ബുംറയുടെ മികച്ച ഓവറിനെ ഇല്ലാതാക്കി. ഓവറില്‍ നിന്ന് 11 റണ്‍സ് വന്നപ്പോള്‍ അവസാന ഓവറില്‍ 9 റണ്‍സ് മതിയായിരുന്നു ഗുജറാത്തിന് ജയിക്കുവാന്‍.

അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയ ഗുജറാത്തിന് തെവാത്തിയയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായപ്പോള്‍ ലക്ഷ്യം പന്തില്‍ ഏഴ് റണ്‍സായിരുന്നു. റഷീദ് ഖാന്‍ നാലാം പന്തില്‍ സിംഗിള്‍ നേടിയപ്പോള്‍ അവസാന രണ്ട് പന്തില്‍ ഒരു റണ്‍സ് പോലും നേടുവാന്‍ മില്ലര്‍ക്ക് സാധിക്കാതെ പോയപ്പോള്‍ മുംബൈ 5 റണ്‍സ് വിജയം നേടി. മുംബൈയുടെ മുന്‍ നിര പേസര്‍ ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് പോലും നേടാതെ 48 റണ്‍സ് വഴങ്ങിയപ്പോള്‍ വിക്കറ്റ് നേടിയില്ലെങ്കിലും തന്റെ മൂന്നോവറില്‍ 18 റണ്‍സ് മാത്രം വിട്ട് നല്‍കി സാംസ് മത്സരത്തിലെ ഹീറോ ആയി മാറുകയായിരുന്നു.