കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനും വാഴക്കാല സ്വദേശിയുമായ ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കണ്‍വീനര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. മുത്തുപോലത്തെ സ്ഥാനാര്‍ത്ഥിയെന്നാണ് ഇ.പി ജയരാജന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും അദ്ദേഹം മത്സരിക്കുക.
കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടിയാണ് ഇടത് മുന്നണി ജനങ്ങളെ സമീപിക്കുന്നതെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കാലതാമസം ഉണ്ടായത് നടപടി പൂര്‍ത്തിയാകാത്തതിനാലാണെന്നും ഇപി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഇടത് മുന്നണി വന്‍ വിജയം നേടുമെന്ന പ്രതീക്ഷയും ഇപി ജയരാജന്‍ പങ്കുവച്ചു.
അതേസമയം, ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഡിവൈഎഫ്ഐ നേതാവ് അഡ്വ കെ.എസ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം അത് തിരുത്തിയിരുന്നു.

