തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി യോജന പ്രകാരമുള്ള ആനൂകൂല്യം കൈപ്പറ്റിയവരിൽ അനർഹരിൽ നിന്ന് തുക തിരിച്ചുപിടിച്ചു നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് കേന്ദ്രം. ആനുകൂല്യം വാങ്ങിയവരിൽ 30,416 പേർ അനർഹരാണെന്നാണ് കണ്ടെത്തൽ. ഇവരിൽ നിന്നും തുക തിരിച്ചു പിടിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാന സർക്കാരിന് നൽകിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ മൂന്നു വർഷമായി സംസ്ഥാനത്ത് 5,600 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറിയിട്ടുണ്ട്. അനർഹമായി ആനുകൂല്യം കൈപ്പറ്റിയവരിൽ 21,018 പേർ ആദായനികുതി അടയ്ക്കുന്നവരാണ്. വർഷത്തിൽ മൂന്നു തവണയായി ആറായിരം രൂപ വീതമാണ് അക്കൗണ്ടിലേക്ക് നൽകിയത്. കേരളത്തിൽ പിഎം കിസാൻ പദ്ധതിയിൽ ചേർന്നിട്ടുള്ളത് 37.2 ലക്ഷം പേരാണ്.
ഫീൽഡ്ലെവൽ ഓഫീസർമാർ അനർഹരിൽ നിന്ന് തുക തിരിച്ചു പിടിക്കുന്നതിനായി നടപടി സ്വീകരിച്ചു വരികയാണെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി. അനർഹർ തുക തിരിച്ചടച്ചില്ലെങ്കിൽ ഭാവിയിൽ മറ്റാനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുമെന്നും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

