തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന ഡബ്ല്യൂസിസിക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്ന് അദ്ദേഹം ആരോപിച്ചു. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് പ്രധാന ഉദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടത്. സിനിമാ മേഖലയിലെ ജോലിക്ക് കരാർ ഉൾപ്പെടെ പരിഗണനയിലാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി സാംസ്‌കാരിക മന്ത്രി യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ സിനിമാ മേഖലയിലെ മുഴുവൻ സംഘടനകൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.

