കൊച്ചി: തൃക്കാക്കരയില്‍ അഡ്വ. കെ.എസ് അരുണ്‍കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. മാധ്യമ ചര്‍ച്ചകളിലൂടെ കേരളത്തിന് സുപരിചിതനായ അരുണ്‍ കുമാര്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി, മുന്‍ പ്രസിഡന്റ്, ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ഈ പേര് ചര്‍ച്ചചെയ്ത ശേഷമാണ് അന്തിമ തീരുമാനമായത്.
തൃക്കാക്കര യുഡിഎഫ് കോട്ടയാണെന്ന ധാരണ തെറ്റാണെന്നും വികസനത്തിലൂന്നിയുള്ള പ്രചാരണമാകും മണ്ഡലത്തിലുടനീളം ഇടത് മുന്നണി നടത്തുകയെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. കെവി തോമസിനെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ക്ഷണിച്ച ജയരാജന്‍, സ്വന്തം നിലപാട് നിശ്ചയിക്കാനുള്ള കരുത്തുള്ള നേതാവാണ് അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു. വികസന നിലപാടുള്ള ആര്‍ക്കും ഇടത് മുന്നണിയുടെ പ്രചാരണത്തില്‍ സഹകരിക്കാമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
അതേസമയം, ‘സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുന്‍ തെരഞ്ഞെടുപ്പ് അനുഭവങ്ങളില്‍ നിന്നും പഠിച്ചത്. അതുള്‍ക്കൊണ്ട് തൃക്കാക്കരയില്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞുവെന്നും വി.ഡി സതീശന്‍ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി.ടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. ഉമ മികച്ച സ്ഥാനാര്‍ത്ഥിയാണ്. ചിട്ടയായ പ്രവര്‍ത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

