കൊച്ചി: തൃക്കാക്കര മണ്ഡലത്തിൽ ഇത്തവണ എൽഡിഎഫ് വിജയിക്കുമെന്ന് ഇ.പി ജയരാജൻ. രാഷ്ട്രീയം പറഞ്ഞാണ് വോട്ട് ചോദിക്കുകയെന്നും സഹതാപം പറഞ്ഞ് മാത്രം വോട്ട് ചോദിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ്.
പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് വോട്ട് ചോദിക്കാനാണ് എൽഡിഎഫിന്റെ പദ്ധതി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. മന്ത്രി പി. രാജീവും എം. സ്വരാജും പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും. മന്ത്രിമാരേയും ജില്ലയിൽ നിന്നുള്ള ഭരണപക്ഷ എംഎൽഎമാരേയും മണ്ഡലത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത്തവണ മണ്ഡലത്തിൽ വിജയം നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്.
അതേസമയം, തൃക്കാക്കരയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാറാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. സിഐടിയു ജില്ലാ കമ്മിറ്റിയഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് കെ എസ് അരുൺ കുമാർ. ഡിവൈഎഫ്‌ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

