കെ.വി തോമസിനെ നേരിട്ട് പോയി കണ്ട് സംസാരിക്കുമെന്ന് വി.ഡി സതീശന്‍; അനുനയ നീക്കവുമായി കോണ്‍ഗ്രസ്‌

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് നടപടി നേരിട്ട മുതിര്‍ന്ന നേതാവ് കെ വി തോമസിനെ നേരിട്ട് പോയി കാണുമെന്നും തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ക്ഷണിക്കുമെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്.

‘അദ്ദേഹം എന്റെ അധ്യാപകനാണ്, ഗുരുനാഥനാണ്, തീര്‍ച്ചയായും അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കും. അതിലെന്താണ് തെറ്റ്? പ്രചാരണ പരിപാടികള്‍ തുടങ്ങാന്‍ ഇനിയും സമയമുണ്ടല്ലോ’. വി ഡി സതീശന്‍ പറഞ്ഞു. ജീവിതാവസാനം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞ ഒരാളില്‍ നിന്ന് മറിച്ച് ചിന്തിക്കുന്നതാണ് നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തെറ്റ്. ഞാന്‍ തന്നെ അദ്ദേഹത്തെ പോയി കാണും. അതിലൊരു സംശയവുമില്ല’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ‘ഉമാ തോമസിനോടും പി ടി തോമസിനോടും അടുത്ത ബന്ധവും സൗഹൃദവുമാണുള്ളത്. പക്ഷേ തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധങ്ങള്‍ക്കല്ല, വികസനത്തിനാണ് പ്രധാന്യം. വികസനത്തിനൊപ്പമാണ് ഞാന്‍ നിലകൊള്ളുക’ കെ വി തോമസ് ചൂണ്ടിക്കാട്ടി.