തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നില്ലെന്ന് എം ബി മുരളീധരൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതികരണവുമായി എറണാകുളം ഡി സി സി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മണ്ഡലത്തിലെ ഒരു നേതാവുമായും കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ കുടുംബത്തെ പാർട്ടി സഹായിക്കേണ്ടത് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സജീവ പാർട്ടി പ്രവർത്തകർക്ക് അവകാശപ്പെട്ടതാണ് സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിനുള്ള കെ പി സി സിയുടെ നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നു. ഒറ്റക്കെട്ടായ തീരുമാനമാണെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പിടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്നുമായിരുന്നു സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. ഒരു തീരുമാനമെടുക്കുമ്പോൾ കുടുംബത്തിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കെ റെയിൽ പ്രചാരണ വിഷയമാക്കും. വിനാശമല്ല മറിച്ച് വികസനമാണ് വേണ്ടതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.