കോപ്പൻഹേഗൻ: ഇന്ത്യ- ഡെൻമാർക്ക് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പരിഷ്‌കാരങ്ങളും നിക്ഷേപ സാധ്യതകളും നോക്കുമ്പോൾ തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താത്തവർക്ക് തീർച്ചയായും നഷ്ടമുണ്ടാകുമെന്ന് തനിക്ക് പറയാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോപ്പൻഹേഗനിൽ വെച്ചാണ് ഇന്ത്യ- ഡെന്മാർക്ക് ബിസിനസ് ഫോറം നടന്നത്.
മികച്ച ബന്ധമാണ് ഡെൻമാർക്കും ഇന്ത്യയും തമ്മിലുള്ളത്. പുനരുപയോഗിക്കാവുന്ന ഊർജ്ജം, ആരോഗ്യം, ഷിപ്പിങ്, വാട്ടർ മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളിൽ വികസനം നടന്നുവെന്നും അേേദ്ദഹം അഭിപ്രായപ്പെട്ടു. ഡെൻമാർക്കിൽ വ്യവസായ പ്രമുഖരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയിലെയും ഡെൻമാർക്കിലെയും വ്യവസായ ലോകം പലപ്പോഴും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും നമ്മുടെ ശക്തി പരസ്പര പൂരകമാണെന്നും അദ്ദേഹം വ്യവസായ പ്രമുഖരോട് സംസാരിച്ചു.
യുക്രൈൻ വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. യുക്രൈനിൽ വെടിനിർത്തലിന് അഭ്യർത്ഥിച്ചു. യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു. അതേസമയം, യുക്രൈൻ പൗരന്മാർക്കെതിരെ നടക്കുന്ന ഭീകരമായ കുറ്റകൃത്യങ്ങളുടെയും ഗുരുതരമായ മാനുഷിക പ്രതിസന്ധികളേക്കുറിച്ചും മോദിയുമായി ചർച്ച ചെയ്തുവെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ അറിയിച്ചു.

