പുനെ: ഐപിഎല്ലില്‍ ഇന്ന് രാത്രി 7.30ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം. പുനെയിലാണ് ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലിയും സിഎസ്‌കെ ക്യാപ്റ്റന്‍സിയില്‍ മടങ്ങിയെത്തിയ എം എസ് ധോണിയും മുഖാമുഖം വരുന്ന മത്സരം. 10 കളിയില്‍ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 9 കളിയില്‍ വെറും മൂന്ന് ജയം മാത്രമുള്ള ചെന്നൈ ഒന്‍പതാം സ്ഥാനത്തും.
ക്യാപ്റ്റനായി ധോണി എത്തിയതോടെ ചെന്നൈ ടീമിന്റെ തലവര മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം രണ്ടാഴ്ചയായി ബാംഗ്ലൂരിന് ജയമില്ല. 10 കളിയില്‍ 10 പോയിന്റുള്ള ആര്‍സിബിക്ക് ഒരു തോല്‍വി പോലും പ്ലേ ഓഫിലേക്കുള്ള വഴി ശ്രമകരമാക്കും. മുന്‍നിര ബൗളര്‍മാര്‍ തിളങ്ങുമ്പോഴും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ പ്രശ്‌നമാണ്. ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോലി കുറേക്കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യേണ്ടതും അത്യാവശ്യം. നായകന്‍ ഡുപ്ലെസി ആര്‍സിബി ബാറ്റര്‍മാരില്‍ മുന്നിലെങ്കിലും 10ല്‍ അഞ്ച് ഇന്നിംഗ്‌സിലും രണ്ടക്കം കണ്ടില്ല.
9 കളിയില്‍ 6 പോയിന്റ് മാത്രമുള്ള സിഎസ്‌കെയ്ക്ക് ഇനിയെല്ലാം ജയിച്ചേ പറ്റൂ. ധോണിയുടെ വിശ്വസ്ത ഡെത്ത് ഓവര്‍ ബൗളറായ ഡ്വെയ്ന്‍ ബ്രാവോയുടെ പരിക്ക് മാറിയാല്‍ മിച്ചല്‍ സാന്റ്‌നറെ തഴഞ്ഞേക്കും. മാക്‌സ്വെല്ലിനും കോലിക്കും എതിരെ മികച്ച റെക്കോര്‍ഡുളേള രവീന്ദ്ര ജഡേജയുടെ ഓവറുകള്‍ നിര്‍ണായകമാകാനും സാധ്യതയുണ്ട്.

