12 -ാം ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്കാരങ്ങള്‍ നേടി ജെ. ജ്ഞാനവേല്‍ ചിത്രം ‘ജയ്ഭീം’. മികച്ച ചിത്രത്തിനുള്ള അവാര്‍ഡും മികച്ച സഹനടനുള്ള അവാര്‍ഡ് മണികണ്ഠനും നേടി. ‘തൂഫാനി’ലെ പ്രകടനത്തിന് ഫര്ഹാന് അക്തറാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ദാഗര്‍ ടുഡുവാണ് മികച്ച നടിയും മൃണാളിനി മികച്ച സഹനടിയുമായി. രാജ് മദിരാജുവാണ് മികച്ച സംവിധായകന്. ഋഷികേശ് ഭദാനെ മികച്ച തിരക്കഥാകൃത്ത്. അമിതാഭ് ബച്ചനും ഇമ്രാന് ഹാഷ്മിയും അഭിനയിച്ച ചെഹ്രെ പ്രത്യേക ജൂറി പരാമര്‍ശം നേടി.
കഴിഞ്ഞ നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തില്‍ രാജാകണ്ണ് എന്ന കഥാപാത്രത്തെയാണ് മണികണ്ഠന് അവതരിപ്പിച്ചത്. ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്ന രാജാകണ്ണിന്റെ കുടുംബം നീതിക്ക് വേണ്ടി നടത്തുന്ന സമരമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനം ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.
2022ലെ ഓസ്കാര്‍ നോമിനേഷനുള്ള പട്ടികയില്‍ ജയ് ഭീം ഇടം നേടിയിരുന്നു. അഭിഭാഷക വേഷത്തിലെത്തിയ സൂര്യയുടെ കഥാപാത്രവും യഥാര്‍ത്ഥ സംഭവത്തിലെ അഭിഭാഷകന് കെ ചന്ദ്രവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. സൂര്യയുടെ ബാനറായ ടു ഡി എന്റര്ടയ്ന്മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്.

