പല കാരണങ്ങള്‍ പറഞ്ഞ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കുന്നതില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായ നാലാം തവണയാണ് ഇന്ത്യ ഈ സ്ഥാനത്ത് തന്നെ തുടരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യ 106 തവണയാണ് ഇന്റര്‍നെറ്റ് സേവനം തടസപ്പെടുത്തിയത്. തുടര്‍ച്ചയായ നാലാം വര്‍ഷവും ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വിച്ഛേദിക്കലുകള്‍ ഏര്‍പ്പെടുത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഇതില്‍ തന്നെ 85 തവണ ഷട്ട്ഡൗണ്‍ നടപ്പാക്കിയത് ജമ്മു കാശ്മീര്‍ മേഖലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ വര്‍ഷവും ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്ന പ്രവണത സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടിവരികയാണ്. സാങ്കേതിക സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഷട്ട്ഡൗണുകള്‍ നടപ്പിലാക്കുന്നത്. 2021 ആയപ്പോഴേക്കും ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ദൈര്‍ഖ്യം വര്‍ദ്ധിച്ചു. ഒപ്പം പ്രത്യേകം പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രവണതയും വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്‌ലത് ഇന്ത്യയുടെ അയല്‍ രാജ്യമായ മ്യാന്മറാണ്. 2021ല്‍ 15 തവണ മാത്രമാണ് ഇവിടെ സര്‍ക്കാരിന് ഷട്ട്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നത്. മ്യാന്മാറിന് പിന്നില്‍ സുഡാനും ഇറാനുമാണ്. 2021ല്‍ ഇന്ത്യയിലാകമാനം നടത്തിയ ഇന്റര്‍നെറ്റ് ഷട്ട്ഡൗണിന്റെ ദൈര്‍ഖ്യം 1,157 മണിക്കൂറാണെന്നാണ് ടോപ്പ് 10 വിപിഎന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് മൂലം ഏകദേശം 583 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് കണക്കുകൂട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 59.1 ദശലക്ഷം ഉപയോക്താക്കളാണ് ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ബാധിച്ചത്.

