ഐപിഎല്‍: ടൈറ്റന്‍സിനെ വീഴ്ത്തി പഞ്ചാബ്‌

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ടു വിക്കറ്റിന് വീഴ്ത്തി പഞ്ചാബ് കിംഗ്‌സിന് തകര്‍പ്പന്‍ ജയം. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പഞ്ചാബ് കിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി മികവില്‍ പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

53 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്ന ധവാനാണ് പഞ്ചാബിന്റെ വിജയശില്‍പി. ഭാനുക രാജപക്‌സെ(40) ലിയാം ലിംവിംഗ്സറ്റണ്‍(30*) എന്നിവരും പഞ്ചാബിനായി തിളങ്ങി. ജയിച്ചിരുന്നെങ്കില്‍ ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു. 10 കളികളില്‍ 16 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ജയത്തോടെ 10 കളികളില്‍ 10 പോയന്റ് നേടിയ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ കാഗിസോ റബാഡയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു. 50 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഗുജറാത്തിനെ തകര്‍ത്തത്. സ്‌കോര്‍:- ഗുജറാത്ത് 20 ഓവറില്‍ 143-8, പഞ്ചാബ് കിംഗ്‌സ് 16 ഓവറില്‍ 145-2.