ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂര്‍ സ്വദേശികളായ കതിരേശന്‍, മീനാക്ഷി ദമ്പതികള്‍ നല്‍കിയ പിതൃത്വ അവകാശക്കേസില്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ സമന്‍സ്. കേസില്‍ ധനുഷ് മുന്‍പ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിലാണ് നടന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചിരിക്കുന്നത്.
ധനുഷ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ദമ്പതികള്‍ക്ക് സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ നല്‍കിയ ഹര്‍ജി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് കതിരേശന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ദമ്പതികള്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും, സ്‌കൂള്‍ വിദ്യാര്‍ഥി ആയിരിക്കെ സിനിമയില്‍ എത്തിപ്പെടുന്നതിനായി നാട് വിട്ട് ചെന്നൈയിലേക്ക് പോവുകയായിരുന്നുവെന്നുമുള്ള വൃദ്ധ ദമ്പതികളുടെ അവകാശവാദവും നിയമ പോരാട്ടവും വര്‍ഷങ്ങളായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഒന്നാണ്. യഥാര്‍ഥ മാതാപിതാക്കള്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് പ്രതിമാസ ചെലവിലേക്ക് 65,000 രൂപ ധനുഷ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, ദമ്പതികളുടെ എല്ലാ ആരോപണങ്ങളും ധനുഷ് നേരത്തെ നിഷേധിച്ചിരുന്നു.

