കെജിഎഫ്-2ന് മുന്നില്‍ ആടിയുലഞ്ഞ് റണ്‍വേ 34ഉം ഹീറോപന്തി 2ഉം

കെജിഎഫ് 2 റിലീസായി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴും തിയേറ്ററുകളില്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രം ഹിന്ദി വിപണിയില്‍ ഇതുവരെ 369.58 കോടി രൂപ നേടിക്കഴിഞ്ഞുവെന്നും ഉടനൊന്നും മുന്നേറ്റം അവസാനിക്കുന്ന ലക്ഷണം കാണുന്നില്ലെന്നും ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശ് ട്വിറ്ററില്‍ കുറിച്ചു. ടൈഗര്‍ ഷ്രോഫ് നായകനായ ഹീറോപന്തി 2, അജയ് ദേവ്ഗണ്‍ നായകനായ റണ്‍വേ 34 എന്നിവയുടെ ബിസിനസിനെ കെജിഎഫ് തരംഗം തൂത്തെറിഞ്ഞിരുന്നു.

ഹീറോപന്തിക്ക് റിലീസ് ദിവസം 6.25 കോടി രൂപ കളക്ഷന്‍ ഉണ്ടായെങ്കില്‍ അത് രണ്ടാം ദിവസത്തില്‍ 4.75 കോടി രൂപയായും മൂന്നാം ദിവസം 3.50 കോടി രൂപയായും ഇടിവുവന്നു. അതേസമയം അജയ് ദേവ്ഗണ്‍ ചിത്രവും കെജിഎഫ് കൊടുങ്കാറ്റിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. ആദ്യ ദിവസം 3 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനത്തില്‍ 4.40 കോടി രൂപയും മൂന്നാം ദിവസം 5.80 കോടിയിലേക്കും മെച്ചപ്പെട്ടിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് 2 കന്നടക്ക് പുറമേ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. റിതേഷ് സിദ്ധ്വാനി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരുടെ എക്‌സല്‍ എന്റര്‍ടൈന്‍മെന്റും എഎ ഫിലിംസും ചേര്‍ന്നാണ് ചിത്രം ഉത്തരേന്ത്യയില്‍ റിലീസ് ചെയ്തത്.