കാസർകോട് ഷവർമ കഴിച്ചവരിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നാലു പേരിലാണ് ഷിഗെല്ലാ സ്ഥിരീകരിച്ചത്.

കാഞ്ഞങ്ങാട് ചികിത്സയിൽ കഴിയുന്ന നാലു കുട്ടികളിലാണ് ഷിഗെല്ല കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് പരിശോധന നടത്തിയത്. അതേസമയം, ഷിഗെല്ല രോഗം സ്ഥിരീകരിച്ചവരിൽ ആരുടെയും നില ഗുരുതരമല്ല.

കഴിഞ്ഞ മാസം കോഴിക്കോട് ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് പുതിയാപ്പയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. പുതിയാപ്പയിലെ എരഞ്ഞിക്കൽ എന്ന സ്ഥലത്തുള്ള ആറ് വയസുകാരിയിലാണ് രോഗം കണ്ടെത്തിയത്. ഈ മാസം 16 നാണ് കുട്ടിയിൽ രോഗലക്ഷണങ്ങൾ പ്രകടമായത്. നേരത്തെ കണ്ടെത്തിയതിനാൽ രോഗവ്യാപനം തടയാൻ കഴിഞ്ഞിരുന്നുവെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

ഷിഗെല്ല ബാക്ടീരിയ പ്രധാനമായും മലിന ജലത്തിലൂടെയാണ് ശരീരത്തിനുള്ളിലേക്ക് കടക്കുന്നത്. കഠിനമായ പനി വയറിളക്കം, വയറുവേദന, ഛർദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.