കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട് രാഹുലിനെതിരെ മത്സരിക്കാനില്ലെന്ന് സ്മൃതി ഇറാനി അറിയിച്ചു. താൻ രാഹുൽ ഗാന്ധിയല്ലെന്നും അമേഠിയിൽ നിന്ന് എങ്ങോട്ടും ഓടിപ്പോകില്ലെന്നും സ്മൃതി ഇറാനി മാദ്ധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി.
രാഹുൽ ഗാന്ധി വയനാട്ടിൽ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. വയനാട്ടിലെ നിരവധി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ല. ആദിവാസി മേഖലയിലുള്ളവർ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും 2023 ഓടെ എല്ലാ ആദിവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പദ്ധതികൾ സംബന്ധിച്ച് കളക്ടറോടും സാമൂഹ്യ നീതി വകുപ്പിനോടും കേന്ദ്രമന്ത്രി വിശദീകരണം തേടുകയും ചെയ്തു.
വയനാട് സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് സ്മൃതി ഇറാനി സംസ്ഥാനത്തെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രിയെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വാഗതം ചെയ്തത്. വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റ് ജനസമ്പർക്ക പരിപാടികളിലും സ്മൃതി ഇറാനി പങ്കെടുക്കും.

