കൊച്ചി: വിജയ് ബാബു പ്രശ്നത്തില്‍ മാലാ പാര്‍വതിക്ക് പിന്നാലെ ആഭ്യന്തര പരിഹാരസമിതി അദ്ധ്യക്ഷ കൂടിയായ ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ കൂടി സ്ഥാനം ഒഴിഞ്ഞു.
‘വിജയ് ബാബുവിനോട് അമ്മ ഭാരവാഹികള്‍ സോഫ്റ്റ് കോര്‍ണര്‍ കാട്ടുന്നുവെന്ന സന്ദേശമാണ് പുറത്തേക്ക് വരുന്നത്. മെയ് ഒന്നിന് നടന്ന ഇ സി മീറ്റിങ്ങിനും അതിന് പിന്നാലെയുള്ള മീഡിയ റിലീസിനും പിന്നാലെ അമ്മയില്‍ ഒരു ഐസിസിക്ക് പ്രസക്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ദുരവസ്ഥ നിങ്ങളിലേക്ക് എത്തിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഐസിസി ചെയര്‍പേഴ്‌സണ്‍, ഐസിസി അംഗം എന്നീ സ്ഥാനങ്ങള്‍ രാജിവെക്കുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു ഇന്നലെ നടത്തിയ പ്രസ്താവന തിരുത്തണം. തനിക്ക് മലയാളം വായിക്കുവാന്‍ അറിയില്ല. ആ സാഹചര്യത്തില്‍ തന്നെ തെറ്റിദ്ധരിപ്പിക്കും വിധമാണ് അമ്മ പത്രക്കുറിപ്പ് പുറത്തിറക്കിയത്. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ഐസി കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍, അമ്മയുടെ പത്രക്കുറിപ്പില്‍ അത് രേഖപ്പെടുത്തിയിട്ടില്ല. ഐസിസിയുടെ ആവശ്യങ്ങളും ചേര്‍ക്കണം’- എന്ന് ശ്വേതാ മേനോന്‍ രാജിക്കത്തിലൂടെ അറിയിച്ചു. ഇന്നലെ ഈ വിഷയത്തില്‍ അവര്‍ മോഹന്‍ലാലിന് അയച്ച സന്ദേശത്തിന് ലാലില്‍ നിന്നും മറുപടി കിട്ടിയിട്ടുമില്ല.
അതേസമയം, ‘കമ്മിറ്റി അംഗമെന്നത് വലിയ ഉത്തരവാദിത്തമാണ്. എന്നാല്‍, തന്റെ മനസാക്ഷിക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഒരു ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കുന്നതിലൂടെ കൃത്യമായ നിയമം പാലിക്കാനും സ്ത്രീകളില്‍ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കാനും സാധിച്ചു. ഒരു പരാതി പരിഹാര സമിതി എന്ന രീതിയില്‍ മാത്രമല്ല, സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം തടയുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയും കൂടെയാണ് സമിതി’- എന്ന് മാല പാര്‍വതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, വിജയ് ബാബുവിനെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജു വിശദീകരിച്ചിരുന്നു. വിഷയത്തില്‍ സംഘടനയിലെ അംഗങ്ങളെ കേള്‍ക്കേണ്ടതുണ്ട്. മാലാ പാര്‍വതി ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. അവര്‍ക്ക് എന്തും ആകാലോ, അത് അവരുടെ ഇഷ്ടമല്ലേ. ഐസിസി അംഗങ്ങളില്‍ ബാക്കിയുള്ളവര്‍ അമ്മയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

