തൃശൂർ: തൃശൂർ പൂരത്തിന് ചൊവ്വാഴ്ച്ച കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും തൃശൂർപൂര കൊടിയേറ്റം നടക്കും. മെയ് എട്ടിനാണ് സാമ്പിൾ വെടിക്കെട്ട്. മെയ് 10 നാണ് പൂരം നടക്കുന്നത്.
ആദ്യം കൊടിയേറുന്നത് പാറമേക്കാവ് ക്ഷേത്രത്തിലാണ്. രാവിലെ 9 നും 10.30 നും ഇടയിലുളള മുഹൂർത്തത്തിലാണ് കൊടിയേറ്റം നടക്കുക.
പാണികൊട്ടിനെ തുടർന്ന് പാരമ്പര്യ അവകാശികൾ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാർ കൊടിമരത്തിലുയർത്തും. ക്ഷേത്രത്തിനു മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടിൽ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും. തുടർന്ന് തിരുവമ്പാടിയിൽ കൊടിയേറ്റ് നടത്തും.
തിരുവമ്പാടിയിൽ കൊടിയേറ്റം നടത്തുക 10.30 നും 10.55 നും ഇടയിലാണ്. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറയുയർത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തും. പൂരത്തിൽ പങ്കെടുക്കുന്ന എട്ടു ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം പൂരം കൊടിയേറും.

