തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കെഎച്ച്എസ്ടിയു. മൂല്യനിർണ്ണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം അശാസ്ത്രീയമായി വർദ്ധിപ്പിച്ച നടപടിക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തര സൂചികകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന്റെയും പേരിൽ അദ്ധ്യാപക സംഘടനകളെ കൂച്ചുവിലങ്ങിടാൻ വിദ്യാഭ്യസ മന്ത്രി ശ്രമിക്കുകയാണെന്ന് കെഎച്ച്എസ്ടിയു വിമർശിച്ചു. ഇത് ദൗർഭാഗ്യകരമാണെന്നും കെഎച്ച്എസ്ടിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെടുന്നു.
ജനാധിപത്യ ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രി ഏകാധിപത്യത്തിന്റെ സ്വരമുയർത്തി അദ്ധ്യാപക സംഘടനകളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കരുത്. അക്കാദമിക വിഷയങ്ങളിൽ അദ്ധ്യാപകർ നിർഭയമായി അഭിപ്രായങ്ങൾ പറയുക തന്നെ ചെയ്യും. പൊതു പരീക്ഷകൾ സുതാര്യമായും വിശ്വാസ്യതയോടും നടത്തുവാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് സംഭവിച്ച വീഴ്ചകൾ തിരുത്തേണ്ടതിനു പകരം ജനാധിപത്യ വിരുദ്ധമായി അച്ചടക്കത്തിന്റെ വാളുയർത്താൻ വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും കെഎച്ച്എസ്ടിയു വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയാണ് കെഎച്ച്എസ്ടിയു ഇക്കാര്യം അറിയിച്ചത്.
അപാകത നിറഞ്ഞ ചോദ്യ പേപ്പറിന്റെ ഉത്തര സൂചിക പരീക്ഷ ബോർഡിന്റെ മേൽനോട്ടത്തിൽ 12 അധ്യാപകർ ചേർന്ന് തയ്യാറാക്കിയത് ഏകപക്ഷീയമായി പിൻവലിച്ചതാണ് മൂല്യനിർണ്ണയം ദുഷ്‌കരമാക്കി മാറ്റിയത്. ദേശീയ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മൂല്യനിർണ്ണയം നടത്തണം എന്ന ആരുടെയോ പിടിവാശിയാണ് കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നത്. മൂല്യനിർണ്ണയം നടത്തുന്നതിന് 2 ദിവസം മുൻപ് അന്തിമ ഉത്തര സൂചികയ്ക്ക് പകരം മറ്റൊരു സൂചിക പോർട്ടലിൽ പ്രസിദ്ധീകരിച്ചതിന്റെ വിശദാംശങ്ങൾ അറിയാൻ പരീക്ഷാ വിഭാഗത്തിൽ നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും അവഗണിക്കുകയാണ് ചെയ്തതെന്നും കെഎച്ച്എസ്ടിയു ആരോപിച്ചു.
വിദ്യാർത്ഥികളോട് നീതി പുലർത്തുവാൻ വേണ്ടിയാണ് അദ്ധ്യാപകർക്ക് മൂല്യനിർണ്ണയം ബഹിഷ്‌കരിക്കേണ്ടി വന്നത്. സ്വന്തം വകുപ്പിലെ വീഴ്ചകൾ മറയ്ക്കുവാൻ അദ്ധ്യാപകരെ കുറ്റപ്പെടുത്തുന്നതിനു പകരം സുതാര്യമായി ഉത്തര സൂചിക പുതുക്കി മൂല്യനിർണ്ണയം നടത്താൻ സൗകര്യമൊരുക്കണം. ഹയർ സെക്കൻഡറി മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളുടെ അഭിപ്രായം മാനിക്കാതെ QIP സംഘടനകളുടെ അഭിപ്രായങ്ങൾ മാത്രം പരിഗണിക്കുന്നതിലൂടെ ഉണ്ടാവുന്ന വീഴ്ചകൾക്ക് ഹയർ സെക്കണ്ടറി അധ്യാപകരെ പ്രതി സ്ഥാനത്ത് നിർത്തുന്നത് ദുഷ്ടലാക്കോടെയാണ്. ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തുവിടാൻ തയാറാവത്തവർ പാതി വെന്ത റിപ്പോർട്ടിനെ കുറിച്ച് വീരസ്യം പറയുന്നത് ജാള്യം മറയ്ക്കുവാനാണെന്നും കെഎച്ച്എസ്ടിയു കൂട്ടിച്ചേർത്തു.

