ന്യൂഡൽഹി: വിദേശത്തെ പബ്ബിൽ വനിത സുഹൃത്തുമൊത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ആഘോഷ പാർട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നേപ്പാളിലെ പബ്ബിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വർഗീയ സംഘർഷങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ അഭാവം ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ ചർച്ചാ വിഷയമാക്കുന്നുണ്ട്.
ഇപ്പോൾ പ്രചരിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ കോൺഗ്രസിനെതിരെയുള്ള ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം. അവധി, പാർട്ടി, ഉല്ലാസ യാത്ര, സ്വകാര്യ വിദേശ സന്ദർശനം തുടങ്ങിയവ ഇപ്പോൾ പുതിയ കാര്യമല്ലെന്നായിരുന്നു വീഡിയോയെ കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജ്ജു പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബിജെപി ഐടി കൺവീനർ അമിത് മാളവ്യയും രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചു. മുംബൈയിൽ ആക്രമണം ഉണ്ടായപ്പോൾ രാഹുൽ ഗാന്ധി ഒരു നിശാക്ലബ്ബിലായിരുന്നു. തന്റെ പാർട്ടി പൊട്ടിത്തെറിക്കുന്ന സമയത്തും അദ്ദേഹം ഒരു നിശാക്ലബ്ബിലാണ്. അയാൾ സ്ഥിരതയുള്ളവനാണെന്ന് അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രി മോദിയുടെ യൂറോപ്പ് സന്ദർശനത്തെ കോൺഗ്രസ് പരിഹസിച്ച് മണിക്കൂറുകൾക്കകമാണ് ബിജെപി നേതാവ് തജീന്ദർ പാൽ ബഗ്ഗ, രാഹുൽ ഗാന്ധി വിദേശത്ത് പാർട്ടി നടത്തുന്ന വീഡിയോ പങ്കുവച്ചത്. കാഠ്മണ്ഡുവിലേതെന്ന് കരുതുന്ന നിശാക്ലബിൽ രാഹുൽ ഗാന്ധി മറ്റൊരാളോടൊപ്പം പാർട്ടി നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

