ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌

തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്കൊടുവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 7 വിക്കറ്റിന് വിജയം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം 19.1 ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നു. സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നാലാം വിജയമാണിത്.

23 പന്തില്‍ 42 റണ്‍സ് നേടിയ റിങ്കു സിങും 37 പന്തില്‍ 48 റണ്‍സ് നേടിയ നിതീഷ് റാണയുമാണ് കെ കെ ആറിനെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 32 പന്തില്‍ 34 റണ്‍സ് നേടി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട്, പ്രസീദ് കൃഷ്ണ, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് റോയല്‍സ് പരാജയപെട്ടിരുന്നു.

നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 49 പന്തില്‍ 54 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, 12 പന്തില്‍ 19 റണ്‍സ് നേടിയ റിയാന്‍ പരാഗ്, 13 പന്തില്‍ 27 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്‌കോറില്‍ എത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ടിം സൗത്തീ രണ്ട് വിക്കറ്റും ഉമേഷ് യാദവ്, അനുകുല്‍ റോയ്, ശിവം മാ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.