തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസില്‍ തെളിവെടുപ്പ്. പരാതിക്കാരിയും ഒപ്പം എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സക്കായി അമേരിക്കയില്‍ പോയ സാഹചര്യത്തിലാണ് സിബിഐ തെളിവെടുപ്പിന് എത്തിയത്.
2012 ഓഗസ്റ്റ് 19-ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. എന്നാല്‍, പരാതിക്കാരി ക്ലിഫ് ഹൗസില്‍ പോയതിന് ഒരു തെളിവും കണ്ടെത്താന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പോലീസുകാര്‍, പേഴ്സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് പുറമേ കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി അബ്ദുള്ളക്കുട്ടി, എ.പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തി എഫ് ഐ ആര് സമര്‍പ്പിച്ചിരിക്കുന്നത്. പീഡന പരാതിയില്‍ നാലു വര്‍ഷത്തോളം കേരള പോലീസ് അന്വേഷണം നടത്തിയെങ്കിലും ആര്‍ക്കെതിരെയും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേസ് സി ബി ഐയ്ക്ക് വിടണമെന്ന് പരാതിക്കാരി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും അന്വേഷണം തുടങ്ങുകയുമായിരുന്നു.

