മൈക്ക് പ്രവര്‍ത്തിച്ചില്ല; എ.ആര്‍ റഹ്മാനൊപ്പമുള്ള വേദിയില്‍ സദസിനു നേരെ മൈക്ക് വലിച്ചെറിഞ്ഞ് പാര്‍ഥിപന്‍

ചെന്നൈ: പുതിയ ചിത്രമായ ‘ഇരുവിന്‍ നിഴലിന്റെ’ ഓഡിയോ ലോഞ്ച് പരിപാടിക്കിടെ ഞായറാഴ്ച സദസിനു നേരെ മൈക്ക് വലിച്ചെറിഞ്ഞ് തമിഴ് നടനും സംവിധായകനുമായ പാര്‍ഥിപന്‍. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും വേദിയിലുണ്ടായിരുന്നു. പിന്നീട് തെറ്റ് മനസിലാക്കിയ അദ്ദേഹം സദസ്സില്‍ വച്ചുതന്നെ ക്ഷമാപണവും നടത്തി. വേദിയില്‍ റഹ്മാനുമായി സംസാരിക്കുന്നതിനിടെ പാര്‍ഥിപന്‍ മൈക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ് മൈക്ക് സദസിന് നേരെ വലിച്ചെറിയുകയായിരുന്നു.

മൈക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ സദസിലുണ്ടായിരുന്ന സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയായ റോബോ ശങ്കര്‍ മൈക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ പാര്‍ഥിപന്‍ ‘നിങ്ങള്‍ ഇത് മുമ്ബ് ചോദിക്കേണ്ടതായിരുന്നു’ എന്നു പറഞ്ഞു കൊണ്ട് മൈക്ക് വലിച്ചെറിഞ്ഞു. ഇതുകണ്ട സദസും റഹ്മാനും ഒരുപോലെ ഞെട്ടി. എന്നാല്‍ പിന്നീട് പാര്‍ഥിപന്‍ മാപ്പു പറയുകയും ചെയ്തു. കുറച്ചു ദിവസമായി വല്ലാത്ത സമ്മര്‍ദത്തിലാണെന്നും അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചതെന്നും പാര്‍ഥിപന്‍ പറഞ്ഞു.

പാര്‍ഥിപന്‍ രചനയും, സംവിധാനവും നടത്തി പുറത്തു ഇറങ്ങാന്‍ പോകുന്ന ചിത്രമാണ് ‘ഇരുവിന്‍ നിഴല്‍’. ഇത് ഒരു പരീക്ഷണ ചിത്രം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഏഷ്യാലെ ആദ്യത്തെ സിംഗിള്‍ ഷോട്ട് ഫീച്ചര്‍ ഫിലിമാണ് ഇരുവിന്‍ നിഴല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.