‘കശ്മീര്‍ ഫയല്‍സ്’ സാങ്കല്‍പ്പിക കഥയെന്ന് വിശേഷിപ്പിച്ച വിക്കിപീഡിയക്കെതിരെ വിവേക് അഗ്നിഹോത്രി

ന്യൂഡല്‍ഹി: ദി കശ്മീര്‍ ഫയല്‍സ് സിനിമ സാങ്കല്‍പ്പികമെന്ന് വിശേഷിച്ച വിക്കിപീഡിയയ്ക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. ‘1990-കളുടെ ആദ്യകാല പലായനത്തെ ഒരു വംശഹത്യയായി ഇത് ചിത്രീകരിക്കുന്നു, ഈ ആശയം കൃത്യമല്ലാത്തതും ഗൂഢാലോചന സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടതുമാണ്’-എന്നാണ് വിക്കിപീഡിയയിലുള്ളത്.

ഞായറാഴ്ചയാണ് വിവേക് അഗ്‌നിഹോത്രി ദി കശ്മീര്‍ ഫയലുകളുടെ വിക്കിപീഡിയ പേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്ക് വച്ച് പ്രതികരിച്ചത്. ‘പ്രിയ വിക്കിപീഡിയ, ഇസ്ലാമോഫോബിയ, പ്രചരണം, സംഘി, മതഭ്രാന്തന്‍ തുടങ്ങിയ വാക്കുകള്‍ ചേര്‍ക്കാന്‍ നിങ്ങള്‍ മറന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ മതേതര സ്വത്വം നഷ്ടപ്പെടുകയാണ്. ഇത് കൂടുതല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുക.’ സ്‌ക്രീന്‍ ഷോട്ട് പങ്ക് വച്ച് വിവേക് അഗ്‌നിഹോത്രി കുറിച്ചു. സൈബര്‍ ഇടങ്ങളിലും വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ വിക്കിപീഡിയ കശ്മീര്‍ ഫയലുകളുടെ വിവരണം എഡിറ്റ് ചെയ്തിട്ടുണ്ട്.

1990-ലെ കശ്മീര്‍ കലാപകാലത്തെ കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കശ്മീര്‍ ഫയല്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റ് വിഭാഗത്തിന്റെ ആദ്യ തലമുറയുടെ വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള യഥാര്‍ത്ഥ കഥയാണ് ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും ആഘാതങ്ങളുടെയും ഹൃദയസ്പര്‍ശിയായ ആഖ്യാനമാണിത്.