ബെർലിൻ: വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാൻ തീരുമാനിച്ച് ഇന്ത്യയും ജർമ്മനിയും. ബെർലിൻ സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മൻ ചാൻസലർ ഒലാഫ് സ്‌കോൾഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ഇന്ത്യയും ജർമ്മനിയും തീരുമാനിച്ചത്.
വിവിധ വിഷയങ്ങളെ കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. ആറാമത് ഇന്ത്യ ജർമ്മൻ മന്ത്രിതല യോഗത്തിന് ഇരുവരും അധ്യക്ഷത വഹിക്കും. സന്ദർശനത്തിൽ റഷ്യ – യുക്രൈൻ യുദ്ധം പ്രധാന ചർച്ച വിഷയമായെന്ന് അധികൃതർ അറിയിച്ചു. ജർമൻ മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തിരുന്നു. ചാൻസലർ ഷോൾസുമായി പ്രധാനമന്ത്രി ആദ്യമായാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.
തിങ്കളാഴ്ച്ച രാവിലെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം കുറിച്ചത്. ബെർലിൻ സന്ദർശനത്തിന് ശേഷം നാളെ കോപ്പൻഹേഗനിലും അടുത്ത ദിവസം പാരീസിലും പ്രധാനമന്ത്രി സന്ദർശനം നടത്തും. പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി കാണും.
അതേസമയം, ഡെന്മാർക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യ- നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
ഐസ്ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്‌സ്‌ഡോട്ടിർ, നോർവെ പ്രധാനമന്ത്രി ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്‌സൺ ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഈ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. 2000 മുതൽ ഇന്ത്യയും ജർമ്മനിയും തന്ത്രപ്രധാന പങ്കാളികളാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം വിശാലമായ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും അവസരമൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

