കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഏത് സമയത്തും നേരിടാൻ കോൺഗ്രസും യു.ഡി.എഫും സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനം കോൺഗ്രസിനും യു.ഡി.എഫിനും മണ്ഡലത്തിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച്ച മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടികൾക്ക് തുടക്കം കുറിക്കും. എത്രയും വേഗത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പി.ടി തോമസ് വിജയിച്ചതിനേക്കാൾ ഉജ്ജ്വലമായ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കും. കഴിഞ്ഞ ഒരു വർഷക്കാലത്തെ സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾ ജനകീയ വിചാരണയ്ക്ക് വിധേയമാക്കും. സിൽവർ ലൈൻ കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ ചർച്ചാ വിഷയവും അതു തന്നെയായിരിക്കുമെന്നും വി ഡി സതീശൻ വിശദമാക്കി.
ഏത് സ്ഥാനാർഥി വന്നാലും പി.ടി തോമസിന്റെ പിൻഗാമിയായിരിക്കും. പി.ടിക്ക് ജനങ്ങളുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധം കോൺഗ്രസ് സ്ഥാനാർഥിക്കും ലഭിക്കും. കേരളം രാഷ്ട്രീയമായി ചിന്തിക്കുന്ന സംസ്ഥാനമാണ്. അതുകൊണ്ടു തന്നെ ആം ആദ്മി പോലെ അരാഷ്ട്രീയ വാദം ഉയർത്തുന്നവരുടെ അജണ്ട കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

