കൊച്ചി: തീരദേശലംഘനങ്ങളുടെ പേരിൽ മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ നിർമ്മാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. സുപ്രീം കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെയാണ് ഏകാംഗ ജ്യൂഡീഷൽ കമ്മീഷനായി സുപ്രീം കോടതി നിയോഗിച്ചത്. അനധികൃത നിർമ്മാണത്തിന്റെ ഉത്തരവാദികൾ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാണോ തദ്ദേശ സ്വയംഭരണ സ്ഥാപനമാണോ, ഫ്ളാറ്റ് നിർമ്മാതാക്കൾക്കാണോ എന്ന് കമ്മീഷൻ കണ്ടെത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അന്വേഷണത്തിന് ആവശ്യമായ സഹകരണം നൽകണമെന്ന് സംസ്ഥാന സർക്കാരിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ടു മാസമാണ് അന്വേഷണത്തിനായി അനുവദിച്ചിട്ടുണ്ട്. തീരദേശ നിയമം ലംഘിച്ച് നിർമ്മാണം നടത്തിയതിന്റെ പേരിൽ ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ആൽഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ളാറ്റുകളാണ് മരടിൽ പൊളിച്ചത്. നിയമം ലംഘിച്ചുള്ള നിർമ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

