തിരുവനന്തപുരം: ആത്മകഥയിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കില്ലെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. വിവാദ പരാമർശങ്ങൾ നീക്കിയ ശേഷം പ്രസിദ്ധീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ ആവശ്യം ടിക്കാറാം മീണ തള്ളി. ശശിക്കെതിരെയുള്ള ആരോപണങ്ങൾ നിലനിർത്തി മീണയുടെ ആത്മകഥ പ്രകാശനം ചെയ്തു. ശശി തരൂരാണ് ആത്മകഥ പ്രകാശനം ചെയ്തത്.
അതേസമയം, പുസ്തകപ്രകാശനച്ചടങ്ങിൽ മുഖ്യമന്ത്രിയുടെ മാധ്യമസെക്രട്ടറി പ്രഭാവർമ പങ്കെടുത്തില്ല. പങ്കെടുക്കുന്നതിൽ അനൗചിത്യമെന്ന് പ്രഭാവർമ അറിയിച്ചിരുന്നു. ടിക്കാറാം മീണക്കെതിരെ നേരത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. മീണയുടെ ആത്മകഥയിലെ മാനഹാനി ഉളവാക്കുന്ന പരാമർശത്തിനെതിരെയാണ് പി ശശി വക്കീൽ നോട്ടിസ് അയച്ചത്. തന്നെ മനപൂർവം തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് നോട്ടീസിൽ പറയുന്നത്.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിൻമാറുകയും മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയുകയും വേണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. അടിസ്ഥാന രഹിതവും കള്ളവുമായ പരാമർശമാണ് മീണ നടത്തിയതെന്നും പി ശശി ആരോപിച്ചിരുന്നു.
മാനഹാനിക്ക് 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. അഭിഭാഷകനായ കെ.വിശ്വൻ മുഖേനയാണ് പി ശശി ടിക്കാറാം മീണയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത്.

