ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്സിറ്റി. രാഷ്ട്രീയക്കാർ ആരും തന്നെ സർവകലാശാലയിൽ രാഷ്ട്രീയേതര പരിപാടി നടത്തേണ്ട എന്ന നിലപാടിലാണ് യൂണിവേഴ്സിറ്റി അധികൃതർ. മെയ് 7 ന് യൂണിവേഴ്സിറ്റിയിൽ രാഷ്ട്രീയേതര പരിപാടി സംഘടിപ്പിക്കണമെന്നും അതിൽ രാഹുൽ പങ്കെടുക്കുമെന്നും കോൺഗ്രസ് നിർദ്ദേശിച്ചിരുന്നു.
ഒസ്മാനിയ യൂണിവേഴ്സിറ്റി സന്ദർശിക്കാൻ അനുവദിക്കണമെന്ന് ഏപ്രിൽ 23 നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാൽ, 2017 മുതൽ ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ പരിപാടികൾ ഉൾപ്പെടെയുള്ള അക്കാദമിക് ഇതര പ്രവർത്തനങ്ങൾ തടയുന്ന പ്രമേയം എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചിട്ടുണ്ടെന്ന് കോളജ് അഡ്മിനിസ്ട്രേഷൻ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് യൂണിവേഴ്‌സിറ്റി അനുമതി നിഷേധിച്ചത്. സർവകലാശാലയുടെ പരിസരത്ത് രാഷ്ട്രീയപരമായ പൊതുയോഗങ്ങൾ അനുവദിക്കരുതെന്ന് നേരത്തെ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരമായി കലഹം ഉണ്ടാക്കുന്നുവെന്ന് കാണിച്ച് ചില വിദ്യാർത്ഥികൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. തുടർന്നാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2017 ജൂണിലാണ് രാഷ്ട്രീയ പരിപാടികൾ വിലക്കിക്കൊണ്ടുള്ള പ്രമേയത്തിന് ആദ്യമായി അംഗീകാരം ലഭിച്ചത്.

