കാസർകോട്ടെ ഭക്ഷ്യവിഷബാധ; സ്ഥാപനത്തിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കാസർകോട് ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഐഡിയൽ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിനെതിരെ കേസെടുത്ത് പോലീസ്. സ്ഥാപനത്തിലെ രണ്ടു ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയതു. 31 പേരാണ് കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. കരിവെള്ളൂർ പെരളം സ്വദേശി 16 വയസുകാരി ദേവനന്ദയാണ് കഴിഞ്ഞ ദിവസം ഷവർമ്മ കഴിച്ചുണ്ടായ ഭക്ഷ്യവിഷ ബാധയെ തുടർന്ന് മരണപ്പെട്ടത്.

ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. അധികൃതർ കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. എ.ഡി.എം എ.കെ രമേന്ദ്രനാണ് അന്വേഷണ ചുമതല.

അതേസമയം, കാസർഗോഡ് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരണമടയുകയും നിരവധിപേർക്ക് അസുഖം ബാധിച്ചതുമായ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ആരോഗ്യ മന്ത്രി വീണാ ജോർജും നിർദേശം നൽകി.

ഭക്ഷ്യ വിഷബാധയേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിർദേശം നൽകിയെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.