ന്യൂഡൽഹി: സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങളുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെന്മാർക്ക്, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലേക്കുള്ള ത്രിദിന സന്ദർശനത്ത് പുറപ്പെടുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി മേഖലകളിൽ വെല്ലുവിളികളും തെരഞ്ഞെടുപ്പും അഭിമുഖീകരിക്കുന്ന സമയത്താണ് താൻ യൂറോപ്പ് സന്ദർശനത്തിനൊരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാൻസ്, ജർമ്മനി, ഡെന്മാർക്ക് രാജ്യങ്ങളുമായി സന്ദർശനവേളയിൽ നയതന്ത്ര- പ്രതിരോധ മേഖലയിൽ നിർണ്ണായക തീരുമാനം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രിയുടെ വിദേശപര്യടനം ആരംഭിക്കുന്നത്. ആദ്യം ജർമ്മനിയാണ് അദ്ദേഹം സന്ദർശിക്കുന്നത്. പിന്നീട് അദ്ദേഹം ഡെന്മാർക്ക് സന്ദർശിക്കും. അതിന് ശേഷം ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, ഡെന്മാർക്ക് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഇന്ത്യ- നോർഡിക് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്ഡോട്ടിർ, നോർവെ പ്രധാനമന്ത്രി ഗഹർ സ്റ്റോർ, സ്വീഡൻ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ ഫിൻലാൻഡ് പ്രധാനമന്ത്രി സന്ന മാരിൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഈ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.
2000 മുതൽ ഇന്ത്യയും ജർമ്മനിയും തന്ത്രപ്രധാന പങ്കാളികളാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം വിശാലമായ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും അവസരമൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

