തിരുവനന്തപുരം: കാസർഗോഡ് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരണമടയുകയും നിരവധിപേർക്ക് അസുഖം ബാധിച്ചതുമായ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഭക്ഷ്യ വിഷബാധയേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങളൊരുക്കാനും നിർദ്ദേശം നൽകി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ് അറിയിച്ചു.
അതേസമയം, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. നിയമം ലംഘിച്ചുള്ള ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന ഒരുതരത്തിലും അനുവദിക്കില്ല. ഇതിനെതിരെ കർശന നടപടി എടുക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രുചികരമായ ഭക്ഷണം ഗുണമേന്മ ഉറപ്പുവരുത്തി വിതരണം ചെയ്യണം. ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

