ഇന്ന് പലരിലും കണ്ടുവരുന്ന രോഗമാണ് ക്യാൻസർ. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവും മൂലമാണ് പ്രധാനമായും ക്യാൻസർ ബാധിക്കുന്നത്. അന്തരീക്ഷ – പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം, പാരമ്പര്യം തുടങ്ങിയ ഘടകങ്ങളും ക്യാൻസറിന് കാരണമാകാറുണ്ട്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ക്യാൻസർ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ ക്യാൻസർ ഒരുപരിധി വരെ തടയാം. അതിനാൽ അധികം ഉപ്പ് ചേർക്കാത്ത ഭക്ഷണങ്ങൾ ശീലമാക്കണം. മദ്യത്തിന്റെ ഉപയോഗം ക്യാൻസറിനും മറ്റ് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. അതുകൊണ്ട് മദ്യപാന ശീലം ഒഴിവാക്കേണ്ടതാണ്. ജങ്ക് ഫുഡ്‌സ് കഴിക്കുന്നതും ഒഴിവാക്കണം. അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, കലോറിയ കൂടിയ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്.
ക്യാൻസർ തടയാൻ വ്യായാമം ശീലമാക്കണം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന ഉപദേശം. ഉയരത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിലുള്ള ശരീരഭാരം നിലനിർത്താനും ശ്രദ്ധിക്കണം.

