രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ കൊച്ചി കപ്പൽശാല നിർമിക്കും; കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ കൊച്ചി കപ്പൽശാല നിർമിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാൾ. കൊച്ചിയിൽ നടന്ന ഗ്രീൻ ഷിപ്പിംഗ് കോൺഫറൻസിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹരിത ഊർജത്തിലേക്കും ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലേക്കും രാജ്യം മാറുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ ചെലവ് 17.50 കോടി രൂപയാണ്. ഇതിൽ 75 ശതമാനവും കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതാണ്. ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിർമ്മിക്കുന്ന ഇലക്ട്രിക് വെസലിൽ 100 പേർക്ക് സഞ്ചരിക്കാം. രാജ്യത്ത് ഹൈഡ്രജൻ ഫ്യുവൽ സെൽ മേഖലയിലെ ഡെവലപ്പർമാരുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. നിർമ്മാണത്തിനുള്ള അടിസ്ഥാന ജോലികളും ആരംഭിച്ചിട്ടുണ്ട്.

കപ്പൽ വ്യവസായത്തിലെ ഹരിത മാതൃകകൾ എന്ന വിഷയത്തിലാണ് കൊച്ചിയിൽ കോൺഫറൻസ് സംഘടിപ്പിച്ചത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിൻ ഷിപ്പ്യാർഡും, എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.