താല്‍ക്കാലിക പരിഹാരം; കെഎസ്ഇബിയിൽ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥർ ജോലിയിൽ തിരികെ പ്രവേശിച്ചു

തിരുവനന്തപുരം: കെഎസ്ഇബിയിൽ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥർ ജോലിയിൽ തിരികെ പ്രവേശിച്ചു. വൈദ്യുതി മന്ത്രിയും ഓഫിസേഴ്സ് അസോസിയേഷനും തമ്മിലുള്ള ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അടുത്ത മാസം അഞ്ചിന് വൈദ്യുതി മന്ത്രി തുടർചർച്ച നടത്തുമെന്നും ഈ ചർച്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും അസോസിയേഷൻ അറിയിച്ചു.

അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാർ പെരിന്തൽമണ്ണയിലും ജനറൽ സെക്രട്ടറി ബി ഹരികുമാർ പാലക്കാട് സർക്കിൾ ഓഫീസിലും ചുമതലയേറ്റു. സ്ഥലം മാറ്റം പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് കുമാർ പറഞ്ഞു.

അഞ്ചാം തിയതിയിലെ ചർച്ചയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉറപ്പിലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചതെന്നും സുരേഷ് കുമാർ വ്യക്തമാക്കി.