ന്യൂഡൽഹി: എൻആർഐ സീറ്റ് നിഷേധിച്ച നടപടി പുന:പരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. സംസ്ഥാന സർക്കാർ പുനപരിശോധന നടത്തി തിങ്കളാഴ്ചയോടെ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അർഹതപ്പെട്ട എൻആർഐ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരുത്തിക്കൂടെയെന്ന് സംസ്ഥാനത്തോട് സുപ്രീം കോടതി ചോദിച്ചു.
പ്രവേശനം നിഷേധിക്കപ്പെട്ടെന്ന വിദ്യാർത്ഥികളുടെ പരാതി പരിശോധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചത്. അതേസമയം, കോടതിയെ സമീപിച്ചവരിൽ ഏഴ് വിദ്യാർത്ഥികൾ മാത്രമാണ് എൻആർഐ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത കോടതിയിൽ വാദിച്ചു.
സീറ്റ് നിഷേധിക്കപ്പെട്ടുവെന്ന ആരോപണവുമായി രണ്ട് സ്വാശ്രയ മെഡിക്കൽ കോളജുകളും 38 വിദ്യാർത്ഥികളുമാണ് കോടതിയെ സമീപിച്ചിരുന്നത്. തൊടുപുഴയിലെ അൽ അസർ മെഡിക്കൽ കോളജ്, പാലക്കാട് കരുണ മെഡിക്കൽ കോളജ് തുടങ്ങിയവയാണ് സംസ്ഥാന സർക്കാരിനെതിരെ കോടതിയെ സമീപിച്ച സ്ഥാപനങ്ങൾ.

