മുംബൈ: ഗുജറാത്തിലെ വികസനമാതൃകകൾ വിലയിരുത്തി ചീഫ് സെക്രട്ടറി വിപി ജോയ്. മുഖ്യമന്ത്രിയുടെ ഡാഷ്‌ബോർഡ് സംവിധാനത്തിന് പുറമെയാണ് സംസ്ഥാനത്തെ മറ്റ് വികസന മാതൃകകളും ചീഫ് സെക്രട്ടറി വിലയിരുത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള വിദ്യാസമീക്ഷാ കേന്ദ്രം, ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റി തുടങ്ങിയവയും ചീഫ് സെക്രട്ടറി സന്ദർശിച്ചു. സർക്കാർ ഉത്തരവിൽ പറഞ്ഞതിന് പുറമെയാണ് ഇവ ചീഫ് സെക്രട്ടറി സന്ദർശിച്ചത്.
ഗുജറാത്തിലെ അരലക്ഷത്തോളം സർക്കാർ സ്‌കൂളുകളെ ഓൺലൈനായി വിലയിരുത്തുന്ന കമാൻഡ് സെന്ററാണ് വിദ്യാസമീക്ഷാ കേന്ദ്രം. ഏറെ രം ചീഫ് സെക്രട്ടറി ഇവിടെ ചെലവഴിച്ചു. പദ്ധതിയെ കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ച് നൽകി. കേരളത്തിൽ സമാനമായ സംവിധാനം ഒരുക്കാൻ സാങ്കേതിക വിവരങ്ങൾ കൈമാറാമെന്ന് അധികൃതർ അദ്ദേഹത്തിന് ഉറപ്പ് നൽകുകയും ചെയ്തു.
ഗുജറാത്ത് സർക്കാർ ഗാന്ധി നഗറിൽ തുടങ്ങിയ വൻകിട വികസന പദ്ധതിയായ ഗിഫ്റ്റ് സിറ്റിയും ചീഫ് സെക്രട്ടറിയും സംഘവും സന്ദർശിച്ചിരുന്നു. സർക്കാർ ഉത്തരവിൽ ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ സംഘത്തെ അയച്ചെന്നാണ് പറയുന്നതെങ്കിലും പല മേഖലയിലെ വികസന മോഡലുകളെക്കുറിച്ച് പഠിച്ച ശേഷമാണ് സംഘം കേരളത്തിലേക്ക് മടങ്ങുന്നത്.

