പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിൻവലിച്ചു. ആർഎസ്എസ്, എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പാലക്കാട് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ഏപ്രിൽ 16 ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ 20 നാണ് അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ ഏപ്രിൽ 28 വരെ നീട്ടിയിരുന്നു. സംഘർഷ സാദ്ധ്യതയ്ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിൻവലിക്കാൻ തീരുമാനിച്ചത്.

കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാദ്ധ്യത മുന്നിൽ കണ്ടായിരുന്നു ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.

നിരോധനാജ്ഞ പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തു ചേരുന്നത് നിരോധിച്ചിരുന്നു. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ,ഘോഷയാത്രകളോ പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇന്ത്യൻ ആമ്സ് ആക്ട് സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷൻ 4 പ്രകാരം പൊതുസ്ഥങ്ങളിൽ സ്ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഉഹപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടുളളതല്ലായെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.