തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇന്ധന നികുതിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി ജനങ്ങളെ പറ്റിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിന് 57.67 ഉം ഡീസലിന് 58.29 ഉം രൂപ മാത്രം അടിസ്ഥാന വിലയുള്ളപ്പോൾ അവയ്ക്ക് ഏതാണ്ട് തത്തുല്യമായ നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വൻകൊള്ള നടത്തിയിട്ടാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരസ്പരം പഴിചാരി ജനങ്ങളെ പറ്റിക്കുന്നത്. മൊത്തം ഇന്ധന വിലയുടെ പകുതിയിലധികം കേന്ദ്ര- സംസ്ഥാന നികുതികളായിരിക്കെ അതു ജനങ്ങളിൽനിന്ന് മറച്ചുവച്ച് കീശവീർപ്പിക്കുന്ന ചക്കളത്തിപ്പോരാട്ടമാണ് ഇരുവരും നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്രം വിലകൂട്ടിയപ്പോൾ നാലു തവണ കേരളം വിലകുറച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി കണ്ടു. ഏത് സർക്കാരാണ് ആണ് ഇപ്രകാരം കുറവ് നൽകിയതെന്ന് പറയാനുള്ള സത്യസന്ധത അദ്ദേഹം കാണിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഇത്തരം പാഠങ്ങളൊന്നും ഗുജറാത്തിൽ പോയാൽ പിണറായി സർക്കാരിന് പഠിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് വില കൂടിയപ്പോൾ, വർധിപ്പിച്ച വിലയുടെ നികുതി നാല് തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങൾക്കു നൽകിയത്. യുപിഎ സർക്കാരിന്റെ കാലത്ത് ഒരു ലിറ്റർ പെട്രോളിന്റെ എക്സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോൾ 27.90 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോൾ 21.80 രൂപയായി. എക്സൈസ് നികുതിയിൽ പെട്രോളിന് മൂന്നു മടങ്ങും ഡീസലിന് ആറ് മടങ്ങുമാണ് വർധന. ഇതാണ് കേന്ദ്രത്തിന്റെ പകൽക്കൊള്ള. എന്നിട്ടാണ് നേരിയ ആശ്വാസം നൽകി സത്യത്തിനു മറയിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരേ പ്രതിഷേധിക്കുന്ന ഇടതുസർക്കാർ ഉള്ളിൽ സന്തോഷിക്കുകയാണ്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില കൂടുന്നതിന് ആനുപാതികമായി സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റർ പെട്രോളിൽ നിന്ന് 34.64 രൂപയും ഡീസലിൽ നിന്ന് 23.70 രൂപയും കിട്ടുന്നു. കേന്ദ്രത്തേക്കാൾ കൂടുതൽ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. ഇതാണ് സംസ്ഥാന സർക്കാരിന്റെ പകൽക്കൊള്ളയെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ഇന്ധനവില നിയന്ത്രണത്തിന് യുപിഎ, യുഡിഎഫ് സർക്കാരുകളെ മാതൃകയാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയാറാകണം. 2008 ൽ യുപിഎ സർക്കാരിന്റെ കാലത്ത് എണ്ണവില ബാരലിന് 150 ഡോളർ വരെ എത്തിയിരുന്നു. അന്ന് 1,25,000 കോടി രൂപ സബ്സിഡി നൽകിയാണ് ഇന്ധനവില യുപിഎ സർക്കാർ നിയന്ത്രിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് 2014 ൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോൾ വില 74.33 രൂപയും ഡീസൽ വില 60.77 രൂപയും. ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില 104 ഡോളർ മാത്രമാണ്. പെട്രോൾ വില 117 രൂപയും ഡീസൽ വില 103 രൂപയുമായി കുതിച്ചു കയറിയത് കേന്ദ്രം സബ്‌സിഡി നൽകുന്നില്ല എന്നതിനാലാണ്. റഷ്യയിൽ നിന്ന് ഇപ്പോൾ ബാരലിന് 30 ഡോളർ കുറച്ചാണ് കേന്ദ്രത്തിനു നൽകുന്നത്. അതിന്റെ യാതൊരു പ്രയോജനവും ജനങ്ങൾക്ക് കിട്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

