പത്തനംതിട്ട: ഗുജറാത്തിൽ ഒരു നല്ല കാര്യം നടന്നാൽ അതു കേരളം മാതൃകയാക്കുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാൻ. ഗുജറാത്ത് സർക്കാരിന്റെ ഡാഷ് ബോർഡ് സംവിധാനത്തെപറ്റി പഠിക്കാൻ ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദർശിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രിക്ക് എല്ലാ പദ്ധതികളും നേരിട്ട് നിരീക്ഷിക്കാനുള്ള സംവിധാനം ആവശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സംഘം ഗുജറാത്ത് സന്ദർശിക്കുന്നത്. ഫിഷറീസ് വകുപ്പിൽ കേരളത്തേക്കാളും ഏറെ മുന്നിലുള്ള തെലങ്കാനയിൽ അതിനെക്കുറിച്ച് പഠിക്കാൻ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസറായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ എസ് കെ ഉമേഷുമാണ് ഗുജറാത്തിലെത്തി ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ച് മനസിലാക്കിയത്. വൻകിട പദ്ധതികളുടെയും മറ്റും പുരോഗതി വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്ക് സാദ്ധ്യമാക്കുന്ന സംവിധാനമാണ് ഡാഷ്ബോർഡ്. വികസന പുരോഗതി വിലയിരുത്താൻ ഇത് ഏറെ കാര്യക്ഷമമാണെന്നും ഈ സംവിധാനത്തെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമായിരുന്നു ചീഫ് സെക്രട്ടറി വി പി ജോയ് പ്രതികരിച്ചത്.

