ഓപ്പറേഷൻ മത്സ്യ ശക്തമാക്കിയതോടെ മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞു; മന്ത്രി വീണാ ജോർജ്

veena

തിരുവനന്തപുരം: ഓപ്പറേഷൻ മത്സ്യ’ ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലർന്ന മീനിന്റെ വരവ് കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 40 പരിശോധനകൾ നടത്തിയെന്നും മന്ത്രി പറഞ്ഞു. പരിശോധനയുടെ ഭാഗമായി 22 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയിൽ നൂനതകൾ കണ്ടെത്തിയവർക്കെതിരായി 5 നോട്ടീസുകളും നൽകിയെന്നും വീണാ ജോർജ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകൾ നടത്തിയിട്ടും കാര്യമായ മായം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 3686 കിലോ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്പോസ്റ്റുകൾ, ഹാർബറുകൾ മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 3015 പരിശോധനയിൽ 1173 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി.

റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തിയ 666 പരിശോധനയിൽ 9 സാമ്പിളുകളിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മത്സ്യ വിൽപന കേന്ദ്രങ്ങൾ മുതൽ പ്രധാന ലേല കേന്ദ്രങ്ങൾ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവിൽ പരിശോധന നടത്തി. പരിശോധന തുടരുന്നതാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.