ട്വിറ്ററിന് ശേഷം കൊക്കകോള; കോളയില്‍ കൊക്കെയിന്‍ തിരികെ കൊണ്ടുവരുമെന്നും മസ്‌കിന്റെ ട്വീറ്റ്‌

ട്വിറ്റര്‍ പൂര്‍ണമായും ഏറ്റെടുത്തതോടെ മറ്റ് നിരവധി കമ്പനികള്‍ കൂടി വാങ്ങാനുള്ള അഭ്യര്‍ത്ഥനകള്‍ ഇലോണ്‍ മസ്‌കിന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ‘അടുത്തതായി കൊക്കകോള വാങ്ങാന്‍ പോകുന്നു, കൊക്കെയ്ന്‍ തിരികെ കൊണ്ടുവരാന്‍’ എന്നാണ് മസ്‌ക് ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊക്കകോളയുടെ ആദ്യത്തെ ചേരുവകളില്‍ യഥാര്‍ത്ഥത്തില്‍ കൊക്കെയ്നിന്റെ അംശം അടങ്ങിയിരുന്നു. എന്നാല്‍, ഇത് 1929-ലാണ് ഒഴിവാക്കപ്പെട്ടത്.

അതേസമയം, മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിനെ കുറിച്ച് ‘ഈ കരാര്‍ നമ്മുടെ ജനാധിപത്യത്തിന് അപകടകരമാണ്. ഇലോണ്‍ മസ്‌കിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ മറ്റെല്ലാവരേക്കാളും വ്യത്യസ്തമായ ഒരു കൂട്ടം നിയമങ്ങളാല്‍ കളിക്കുന്നു. സ്വന്തം നേട്ടത്തിനായി അധികാരം നേടിയെടുക്കുന്നു’ എന്നാണ് ചിലരുടെ അഭിപ്രായം. ‘ട്വിറ്ററിന് ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ഒരു ലക്ഷ്യവും പ്രസക്തിയും ഉണ്ട്. ഞങ്ങളുടെ ടീമില്‍ ഞാന്‍ അഭിമാനിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയാണ് സംസാര സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാകും ട്വിറ്റര്‍,’ മസ്‌ക് പറഞ്ഞു.

‘പുതിയ സവിശേഷതകള്‍ ഉപയോഗിച്ച് ഉത്പ്പന്നം മെച്ചപ്പെടുത്തുക, അല്‍ഗൊരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി വിശ്വാസം വര്‍ദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ട്വിറ്ററിന് വളരെയധികം സാധ്യതകളുണ്ട് – അത് പുറത്തു കൊണ്ടുവരുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ പറഞ്ഞു.