തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വഹിക്കും. മേയ് ഒന്നുമുതല്‍ തലസ്ഥാനത്തെയും കൊല്ലത്തെയും വിവിധ വേദികളിലായാണ് മത്സരങ്ങള്‍.
24 മത്സര ഇനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിംഗ് പൂള്, സെന്‍ട്രല്‍ സ്റ്റേഡിയം, ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈ.എം.സി.എ, കൊല്ലം ഹോക്കി സ്റ്റേഡിയം, ഐ.ആര്.സി സ്റ്റേഡിയം ശംഖുമുഖം, കനകക്കുന്ന് എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ കായിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് ഗെയിംസിന്റെ ലക്ഷ്യമെകേരള ഒളിമ്ബിക് അസോസിയേഷന് പ്രസിഡന്റ് വി. സുനില്‍കുമാറും സെക്രട്ടറി ജനറല്‍ എസ്. രാജീവും പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, തൊഴില്‍- വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍, ഗതാഗത മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവരും പങ്കെടുക്കും. ടോക്യോ ഒളിമ്ബിക്സിലെ മെഡല്‍ ജേതാക്കളായ രവി ദഹിയ, ബജ്റംഗ് പൂനിയ, ലവ്ലിന ബൊര്‍ഗോഹൈന്‍, പി.ആര്. ശ്രീജേഷ് എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും നല്കി ആദരിക്കും. ടോക്യോ ഒളിമ്ബിക്സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. ഒളിമ്ബിക് അസോസിയേഷന് ഏര്‍പ്പെടുത്തിയ 2020ലെ ലൈഫ് ടൈം സ്പോര്‍ട്സ് അച്ചീവ്മെന്റ് അവാര്‍ഡ് ബോക്സര്‍ മേരി കോമിന് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഹരിചരണ്‍ ഗ്രൂപ്പിന്റെ സംഗീത നിശയും ഒരുക്കിയിട്ടുണ്ട്. കായിക ഫോട്ടോ എക്സിബിഷന് ഏപ്രില്‍ 30ന് ആരംഭിക്കും. വെള്ളയമ്ബലം എന്‍ജിനിയേഴ്സ് ഹാളില്‍ മെയ് പത്ത് വരെയാണ് എക്സിബിഷന്. ഒളിമ്ബിക് അസോസിയേഷനും കേരള മീഡിയ അക്കാഡമിയും, കേരള പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായാണ് എക്സിബിഷന് സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം നഗര ഹൃദയമായ കനകക്കുന്ന് കൊട്ടാരത്തില്‍ കേരള ഗെയിംസ് എക്സ്പോയും സംഘടിപ്പിക്കും. ഏപ്രില്‍ 29ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് എക്സ്പോ ഉദ്ഘാടനംചെയ്യും. റിട്ട. ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍, മുഹമ്മദ് ഹനീഷ് ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് നരേഷ് അയ്യര്‍ നയിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും. എക്സ്പോയുടെ ഭാഗമായി കനകക്കുന്ന് പരിസരത്ത് 10000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുഷ്പമേളയും ഒരുക്കുന്നുണ്ട്. മേളയുടെ മാറ്റ് കൂട്ടുന്നതിനായി 12 ദിവസങ്ങളിലും കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

