ന്യൂഡൽഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് എടുത്തവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലാവധി കുറയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള കാലാവധി ആറ് മാസമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച് 9 മാസങ്ങൾക്ക് ശേഷമാണ് ബൂസ്റ്റർ ഡോസ് എടുക്കുന്നത്.
വാക്‌സിൻ കുത്തിവെപ്പിന്റെ കാര്യത്തിൽ ഉപദേശം നൽകുന്ന നാഷണൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്റെ വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും. ആദ്യ രണ്ടുഡോസ് വാക്‌സിനുകൾ നൽകുന്ന പ്രതിരോധശേഷി ആറുമാസം കൊണ്ട് കുറയുമെന്നും കരുതൽ ഡോസ് നൽകുന്നത് ഗുണം ചെയ്യുമെന്നും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും വിവിധ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ അറിയിച്ചിരുന്നു.
ആരോഗ്യ പ്രവർത്തകർക്കും അനുബന്ധരോഗങ്ങളുള്ള 60 കഴിഞ്ഞവർക്കും ജനുവരി 10 മുതൽ രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. 60 കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസിന് അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

