വിജയ് ബാബുവിനെതിരെ തെളിവുകള്‍; കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താനുണ്ടെന്നും പോലീസ്

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു.

‘പരിശോധന നടത്തിയ ഇടങ്ങളില്‍ വിജയ് ബാബുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്താനുണ്ട്. ആരോപണ വിധേയന്‍ എങ്ങനെയാണ് നടിയെ ചൂഷണം ചെയ്തതെന്നതും വ്യക്തമായിട്ടുണ്ട്. കൊച്ചി കടവന്ത്രയിലെ ആഡംബര ഹോട്ടല്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇരയെ സ്വാധീനിക്കാന്‍ വിജയ് ബാബു ശ്രമിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. വിദേശത്ത് കടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗോവ വഴി വിദേശത്തേക്ക് കടന്നെന്നാണ് നിഗമനം. തിരിച്ചു വന്നില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് കടക്കും. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനും ആലോചനയുണ്ട്’- അദ്ദേഹം പറഞ്ഞു.

അതേസമയം, താന്‍ ദുബായിലുണ്ടെന്നും ആര്‍ക്കു വേണമെങ്കിലും തന്നെ ബന്ധപ്പെടാമെന്നും വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.