ആശാരിപ്പണിയുടെ മറവില്‍ തോക്ക് നിര്‍മ്മാണം; പ്രതികളുടെ മൊഴി അവിശ്വസനീയമായതിനാല്‍ എന്‍ഐഎയും ഐബിയും എത്തുന്നു

തിരുവനന്തപുരം: ആശാരിപ്പണിയുടെ മറവില്‍ നാടന്‍ തോക്ക് നിര്‍മ്മിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എ ടി എസ് സംഘം ഇന്നലെ വട്ടപ്പാറ സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ), ഇന്റലിജന്‍സ് ബ്യൂറോ ( ഐ ബി ) എന്നിവരും പ്രതികളെ ചോദ്യം ചെയ്യും. വെമ്പായം അരശുംമൂട് സ്വദേശി അസിം (42), ആര്യനാട് സ്വദേശി സുരേന്ദ്രന്‍ (63) എന്നിവരാണ് തോക്ക് നിര്‍മ്മാണത്തിന് അറസ്റ്റിലായത്. നാല് നാടന്‍ തോക്കിന്റെ ഭാഗങ്ങളും വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. തോക്ക് വില്‍പ്പനയാണ് ഇവരുടെ ലക്ഷ്യമെന്നാണ് പോലീസിന്റെ നിഗമനം.

എന്നാല്‍, ആദ്യമായാണ് തോക്ക് ഉണ്ടാക്കുന്നതെന്നും വെറുതേ പരീക്ഷിച്ചതാണെന്നുമാണ് പ്രതികളുടെ മൊഴി. തോക്കിന്റെ ഭാഗങ്ങള്‍ തിരുവനന്തപുരത്തെ കടയില്‍നിന്ന് വാങ്ങിയതാണെന്നും വെടിയുണ്ടകള്‍ പാങ്ങപ്പാറയിലുള്ള ചെല്ലയ്യന്‍ എന്ന വ്യക്തി നല്‍കിയെന്നുമാണ് മൊഴി. ചെല്ലയ്യന്‍ മരണപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടിവരും.

അതേസമയം, പോലീസിന്റെ ആര്‍മറി വിഭാഗം വെടിയുണ്ടകള്‍ പരിശോധിച്ചു. അരശുംമൂട്ടിലെ അസിമിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് തോക്ക് നിര്‍മ്മാണം കണ്ടെത്തിയത്. അസിം ആശാരിയും സുരേന്ദ്രന്‍ ടാപ്പിംഗ് തൊഴിലാളിയുമാണ്. ഒന്‍പത് എം.എം പിസ്റ്റല്‍, പഴയ റിവോള്‍വര്‍, 7.62 എം.എം.എസ്.എല്‍.ആര്‍ പോലുള്ള തോക്കുകളില്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള സാധനങ്ങളും പിടികൂടിയിട്ടുണ്ട്. കൂടുതല്‍ തോക്കുകള്‍ നിര്‍മ്മിച്ചിട്ടണ്ടോ, ആര്‍ക്കൊക്കെയാണ് നല്‍കിയത് എന്നിവയെക്കുറിച്ചാണ് എ.ടി.എസ് അന്വേഷിക്കുന്നത്. തോക്കുനിര്‍മ്മാണത്തിന് ഭീകരബന്ധമണ്ടോയെന്നാണ് കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുക.